Achievements

2021-12-01

വിഷമഘട്ടങ്ങളിൽ നിയോഗം പോലെ എത്തുന്ന ചില സഹായങ്ങൾ വെറും നന്ദി വാക്ക് കൊണ്ട് തീരില്ല. കുന്ദമംഗലം പന്തീർപ്പാടം പൂനൂർ പുഴയിൽ പതിനൊന്നു ദിവസമായി റുക്കിയ (54) എന്നവരെ കാണാതായിട്ട്, നാട്ടുകാരും പോലീസും ഫയർഫോഴ്‌സും എല്ലാവിധത്തിലും അന്വേഷണം നടത്തിയിട്ടും കണ്ടെത്താനായിരുന്നില്ല. കഴിഞ്ഞ ദിവസം ആക്ഷൻ കമ്മറ്റി രൂപീകരിക്കുകയും അന്വേഷണം കൂടുതൽ ഊർജിതമാക്കാൻ തീരുമാനിക്കുകയും ചെയ്തിരുന്നു. അവിചാരിതമായാണ് ഐ.ആർ.ഡബ്ല്യു ടീമിന്റെ ലീഡേഴ്‌സ് & വളണ്ടിയേഴ്‌സ് ബന്ധപ്പെടുകയും അന്വേഷണത്തിനായി മൂന്നു ബോട്ടുകളും മുഴുവൻ ഫോഴ്‌സും ഉപയോഗപ്പെടുത്തി. രാവിലെ 7 മണിക്ക് പുനൂർ പുഴയിൽ തിരച്ചിൽ ആരംഭിച്ചു. ഏതാണ്ട് 10 മണിയോടെ പാറക്കടവ് പാലത്തിനോട് അടുത്തുള്ള കടവിൽ വച്ചു സഹോദരിയുടെ മൃതദേഹം കണ്ടെത്തി. തുടർന്ന് പോലീസിന് ഇൻക്വസ്റ്റ് നടപടികൾക്കായുള്ള പ്രവർത്തനങ്ങൾക്കും പോസ്റ്റ്‌മോട്ടം കഴിഞ്ഞ് അടക്കംവരെയുള്ള കാര്യങ്ങൾ സ്തുത്യർഹമായ സേവനം ചെയ്തിട്ടുള്ള ഐ.ആർ.ഡബ്ല്യു വളണ്ടിയേഴ്‌സിനോട് എന്റെയും വാർഡിന്റെയും നന്ദിയും കടപ്പാടും അറിയിക്കുന്നു… പരേതയ്ക്ക് പരലോക സൗഖ്യം ഉണ്ടാവട്ടെ എന്ന് പ്രാത്ഥിച്ചുകൊണ്ട്… ഫാത്തിമ ജസ്‌ലിൻ, വാർഡ് മെമ്പർ, കുന്ദമംഗലം ഗ്രാമപഞ്ചായത്ത്.

2020-10-14

ഇടുക്കി : മൂന്നാർ പെട്ടിമുടി ദുരന്തമേഖലയിൽ സേവന നിരതരായിരുന്ന ഐഡിയൽ റിലീഫ് വിങിന് വേണ്ടി, മൂന്നാർ സി.പി.ഐ ആസ്ഥാനത്ത് നടന്ന ചടങ്ങിൽ വെച്ച് ഭാരവാഹികൾ ആദരം ഏറ്റുവാങ്ങുന്നു.

2021-02-17

‘ഗോൾഡൻ സല്യൂട്ട്’ ഐ.ആർ.ഡബ്ല്യുവിന് സാമൂഹീക പ്രതിബദ്ധതയിലൂന്നിയ ജീവിതശൈലിയുടെ ഭാഗമായി ഐ.ആർ.ഡബ്ല്യു വളണ്ടിയർമാർ കോവിഡ് 19 എന്ന മഹാമാരിക്ക് മുമ്പിൽ സധീരം സൂക്ഷ്മമായി നിലകൊള്ളുകയാണ്. ഓരോ കോവിഡ് രോഗിയുടെയും ആശ്രിതരെല്ലാം അശരണരായപ്പോൾ അഭയകേന്ദ്രമായി മാറുകയായിരുന്നു ഐ.ആർ.ഡബ്ല്യു. അവസാന നോക്ക് പോലും നിഷേധിക്കപ്പെട്ട ബന്ധുക്കളെല്ലാം ക്വാറന്റയ്‌നിൽ നിന്ന് വിലപിക്കുമ്പോൾ അനാഥമായി മോർച്ചറിയിൽ കിടന്ന മൃതദേഹങ്ങൾ അതാത് മതാചാരപ്രകാരം സംസ്‌ക്കരിക്കാൻ ഓടിയെത്തിയ സംഘം. ലോക്ഡൗൺ കാലത്ത് മരുന്ന് ലഭിക്കാതെ മരവിച്ച് കിടന്ന രോഗികൾക്ക് മുമ്പിൽ മരുന്നുമായി പ്രത്യക്ഷപ്പെട്ട നീല മാലാഖമാർ. ബന്ധുക്കളും അയൽവാസികളും ഭയവിഹ്വലരായി ഓടിയകന്നപ്പോൾ ഭക്ഷണം ലഭിക്കാതെ കരഞ്ഞ് തളർന്ന കുഞ്ഞുങ്ങൾക്കും വൃദ്ധ മാതാ പിതാക്കൾക്കും ബിസ്‌ക്കറ്റും പാലും ഭക്ഷണപ്പൊതികളുമായെത്തിയ ധീര വനിതാ പുരുഷ വോളണ്ടിയർമാർ. കോവിഡ് പോസിറ്റീവ് ആയതോടെ ഒറ്റപ്പെട്ട് തിരസ്‌കരിക്കപ്പെട്ട രോഗികൾക്ക് മുമ്പിൽ ആംബുലൻസുമായി പ്രത്യക്ഷപ്പെട്ട രക്ഷകർ. ഇവരെയാണ് കോവിഡ്കാല സേവനം മുൻനിർത്തി മലബാർ ഗോൾഡ് ആന്റ് ഡയമണ്ട്‌സും മനോരമ ഓൺലൈനും ചേർന്ന് നടത്തിയ ജനകീയ വോട്ടെടുപ്പിൽ ഗ്രൂപ്പ് ഇനത്തിൽ GOLDEN SALUTE AWARD’ന് തെരഞ്ഞെടുത്തത്.